This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോദ് ലൊറാങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോദ് ലൊറാങ്

Claude Lorrain (1600 - 82)

ഫ്രഞ്ച് ചിത്രകാരന്‍. 17-ാം ശതകത്തിലെ ഏറ്റവും ശ്രേഷ്ഠനായ പ്രകൃതിചിത്രകാരനായി ഗണിക്കപ്പെടുന്ന ക്ലോദ് ലൊറാങ് നാന്‍സിക്കടുത്തുള്ള ഷമാഞ്ഞില്‍ (Chamagne) 1600-ല്‍ ജനിച്ചു. ക്ലോദ്ഷെല്ലേ (Claude Gellee) എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര്. 12-ാം വയസ്സില്‍ അനാഥനായിത്തീര്‍ന്ന ക്ലോദ്, റോമില്‍ അഗസ്തിനോ തസ്സി (Agostino Tassi) എന്ന പ്രശസ്ത ചിത്രകാരന്റെ രക്ഷാകര്‍ത്തൃത്വത്തിലും ശിക്ഷണത്തിലും വളര്‍ന്നു. ജര്‍മനിയിലെയും ഫ്രാന്‍സിലെയും ഹ്രസ്വകാല സന്ദര്‍ശനവേളകളൊഴിച്ചാല്‍ ശേഷിച്ച ജീവിതകാലം മുഴുവന്‍ ഇദ്ദേഹം ഇറ്റലിയില്‍ത്തന്നെയാണ് കഴിച്ചുകൂട്ടിയത്. തസ്സിയുടെ മാര്‍ഗനിര്‍ദേശങ്ങളും ഗോട്ട്ഫ്രീഡ് (Gottfried), ക്ലോദ്ദെറ്യു (Claude Deruet), സന്‍ഡ്രാര്‍ട്ട് (Sandrart), ബ്രീന്‍ബര്‍ഗ് (Breenbergh) തുടങ്ങിയ ചിത്രകാരന്മാര്‍ നല്കിയ പ്രോത്സാഹനങ്ങളും ക്ലോദിന്റെ ചിത്രരചനാവാസനയെ വളര്‍ത്തിക്കൊണ്ടിരുന്നു. രാജാക്കന്മാര്‍, പോപ്പുമാര്‍ തുടങ്ങിയവരുടെ പ്രോത്സാഹനവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ക്ലോദിന്റെ ആദ്യകാലചിത്രങ്ങളില്‍ തസ്സിയുടെ സ്വാധീനം പ്രകടമാണ്. ഗുരുവിന്റെയെന്നപോലെ, ഇടയന്മാരും ഐതിഹ്യകഥാപാത്രങ്ങളും കടല്‍ത്തീരവും മീന്‍പിടിത്തവും മറ്റുമാണ് തുടക്കത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രരചനയ്ക്ക് വിഷയമായിരുന്നത്. 17-ാം ശതകത്തിലെ ഇറ്റാലിയന്‍ ചിത്രകലയുടെ പ്രത്യേകതകളായ പ്രകൃതിനിരീക്ഷണവും പ്രകാശചൂഷണവും തന്നെയാണ് ക്ലോദും തന്റെ രചനാരീതിയായി സ്വീകരിച്ചത്. എന്നാല്‍ റൂബെന്‍സ്, റം ബ്രാന്‍ഡ്റ്റ്, പൗസിന്‍ തുടങ്ങിയ സമകാലീന ചിത്രകാരന്മാരെപ്പോലെ പ്രകൃതി ചിത്രരചനാസങ്കേതങ്ങളില്‍ ഒന്നുമാത്രമല്ല; അതുമാത്രമാക്കി മാറ്റുകയാണ് ഇദ്ദേഹം ചെയ്തത്. അക്കാര്യത്തില്‍ അദ്വിതീയനാകാനും ഒരു യുഗസ്രഷ്ടാവിന്റെ സ്ഥാനത്തെത്തുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

തന്റെ 200-ഓളം ചിത്രങ്ങളുടെ ലഘുപകര്‍പ്പുകള്‍ കാലാനുക്രമത്തില്‍ ചേര്‍ത്തിട്ടുള്ള ഒരു ഗ്രന്ഥം (ലിബര്‍ വെറിറ്റാറ്റിസ്) ക്ലോദ് സൂക്ഷിച്ചിരുന്നു. 1630-ഓടുകൂടിയാണ് ക്ലോദ്ചിത്രങ്ങള്‍ പ്രശസ്തി നേടിത്തുടങ്ങിയത്. അടുത്ത രണ്ട് ദശകങ്ങളിലെ ചിത്രങ്ങളിലുള്‍പ്പെടുന്ന ദ് മില്‍, ദി എംബാര്‍ക്കേഷന്‍ ഒഫ് ദ് ക്വീന്‍ ഒഫ് ഷേബ, ദ് ടെമ്പിള്‍ ഒഫ് ഡല്‍ഹി തുടങ്ങിയവ രാഷ്ട്രാന്തരീയ കീര്‍ത്തിക്കു നിദാനമായി. 1950-കളില്‍ ബൈബിള്‍ പ്രമേയങ്ങള്‍ സ്വീകരിച്ചുള്ള രചനകളാണധികവും. പര്‍ണാസസ്, ദി അഡൊറേഷന്‍ ഒഫ് ദ് ഗോള്‍ഡന്‍ കാഫ്, ലബന്‍, ദ് സര്‍മന്‍ ഒണ്‍ ദ് മൗണ്ട്, ഈസ്തര്‍ മുതലായവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവസാനകാലത്ത് തന്റെ ചിത്രങ്ങള്‍ക്ക് ഐതിഹാസികശൈലി നല്കാന്‍ വെര്‍ജിലിന്റെ ഏനീഡി(Aeneid)ല്‍നിന്ന് ക്ലോദ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇവയില്‍ ക്ലാസ്സിക് പാരമ്പര്യവും മനുഷ്യസ്നേഹവും സമഞ്ജസമായി മേളിക്കുന്നു. ദി എന്‍ചാന്റഡ് കാസല്‍, റ്റൈംസ് ഒഫ് ദ് ഡെ, ദ് ഹണ്ട് ഒഫ് എസ്കേനിയസ് എന്നിവ ഇക്കാലത്തെ പ്രകൃഷ്ട രചനകളാണ്.

ക്ലോദ് ലൊറാങ് 1682-ല്‍ റോമില്‍ അന്തരിച്ചു. ക്ലോദിന്റെ സമകാലികനായ സന്‍ഡ്രാര്‍ട്ടും (Joachim von Sandrart, 1606-88) അടുത്ത തലമുറയിലെ ശ്രദ്ധേയനായ ബല്‍ഡിനുച്ചിയും (Filippo Baldinucci 1624-96) ക്ലോദിന്റെ ജീവിതത്തെയും രചനകളെയും ആസ്പദിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും തലങ്ങളോട് സംവദിക്കാന്‍ കഴിയുന്ന, ഭാവഗാംഭീര്യവും കാവ്യസൗന്ദര്യവും ഒത്തുചേര്‍ന്ന ക്ലോദ്ചിത്രങ്ങള്‍ പില്ക്കാല ഫ്രഞ്ച്-ഇംഗ്ലീഷ് ചിത്രകാരന്മാരുടെ പ്രചോദനകേന്ദ്രങ്ങളായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍